Thursday 12 November 2015

കോര്‍പ്പറേറ്റുകളുടെ സാമൂഹ്യ പ്രതിബദ്ധത: സിദ്ധാന്തവും യാഥാർധ്യവും.


മാര്‍ക്സിയന്‍ വര്‍ഗ വിശകലന രീതി പ്രകാരം സമൂഹത്തെ നമുക്ക് രണ്ടു ഗ്രൂപ്പുകളായെടുത്ത് പരിശോധിക്കാം- മുതലാളിമാരും തൊഴിലാളികളും. മുതലാളിമാരുടെ കയ്യില്‍ തുടക്കത്തില്‍ കുറെ യന്ത്രങ്ങളും കുറെ അസംസ്കൃത പദാര്‍ദങ്ങളുമുണ്ട്. തൊഴിലാളികളെ കൂലിക്കു നിര്‍ത്തി ഇവയുപയോഗിച്ചു അവര്‍ ചരക്കുകളുണ്ടാക്കുന്നു. യന്ത്രങ്ങളും അസംസ്കൃത പദാര്ഥങ്ങളും മുഴുവന്‍ മുതലാളി സമൂഹത്തിന്‍റെയാണ്. ആയതിനാല്‍ അവയ്ക്കു തല്‍ക്കാലം പ്രത്യേകമായി വില കൊടുക്കേണ്ടതില്ല എന്നു കരുതാം. മുതലാളിമാര്‍ തമ്മില്‍ തമ്മിലുള്ള അഡ്ജസ്റ്റ്മെന്‍റിന്‍റെ പ്രശ്നം മാത്രമേയുള്ളൂ.

 തല്‍ക്കാലത്തേയ്ക്ക് ചരക്കുണ്ടാക്കുന്നതില്‍ (commodity) മുതലാളിമാര്‍ക്കുള്ള ചിലവ് കൂലിചിലവ് മാത്രമാണെന്ന് കരുതുക. എല്ലാ തൊഴിലാളികളും കൂടി ഒരു നൂറു യൂണിറ്റ് ചരക്കുകള്‍ ഉണ്ടാക്കുന്നു എന്നു കരുതുക . കൂലിയായി മുതലാളിമാര്‍ തൊഴിലാളികള്‍ക്ക് നൂറു യൂണിറ്റ് പണം നല്കുന്നു എന്നും കരുതുക. അതുകൊണ്ടു വേണം തൊഴിലാളികള്‍ക്ക് നിത്യവൃത്തി കഴിയുവാന്‍, അവര്‍ക്കവശ്യമുള്ള സാധനങ്ങള്‍ വാങ്ങുവാന്‍. തൊഴിലാളികള്‍ ഉണ്ടാക്കിയ നൂറു യൂണിറ്റ് ചരക്കുകളുടെയും ഉടമസ്ഥര്‍ മുതലാളിമാരാണ്. അരിയും തുണിയും മരുന്നും പാത്രങ്ങളുമൊക്കെ ഓരോരോ മുതലാളിമാരുടെ വകയാണ്. അതിലെ വളരെ ചെറിയ ഒരു ശതമാനമേ അവര്‍ക്ക് സ്വന്തം ഉപയോഗത്തിന് ആവശ്യമുള്ളൂ . അവര്‍ക്ക് വേണ്ടത് ലാഭമാണ്- തങ്ങള്‍ ചിലവാക്കിയതിനെക്കാള്‍ കൂടുതല്‍ പണം. അതാണല്ലോ മുതലാളിത്തത്തിന്റെ മൌലിക സ്വഭാവം.

എങ്ങനെയാണവര്‍ക്ക് പണം കിട്ടുന്നത്? ചരക്കുകള്‍ വില്‍ക്കണം. എത്ര പണത്തിന് വില്‍ക്കണം? 10 ശതമാനം ലാഭം കിട്ടണം എന്നു വയ്ക്കുക. എങ്കില്‍ 110 യൂണിറ്റ് പണം കിട്ടണം. ആര്‍ക്കാണ് വില്‍ക്കുക? ആരാണ് വാങ്ങുക? . തൊഴിലാളികള്‍. അപ്പോള്‍ തൊഴിലാളികള്‍ 110 യൂണിറ്റ് പണം കൊടുത്തു ഇവ വാങ്ങണം. എവിടെ നിന്നാണ് തൊഴിലാളികള്‍ക്ക് പണം കിട്ടുന്നത് ? മുതലാളി നല്കിയ കൂലിയില്‍ നിന്ന്‍. അതെത്രയാണ് ? 100 യൂണിറ്റ് . പിന്നെ എങ്ങനെ അവര്‍ 110 യൂണിറ്റ് പണം മുതലാളിമാര്‍ക്ക് കൊടുക്കും ? കൊടുക്കാന്‍ പറ്റില്ല.  മുതലാളിത്തത്തിലെ ഏറ്റവും അടിസ്ഥാനപരമായ ആഭ്യന്തര വൈരുദ്ധ്യമാണിത്.

ഈ ദൌര്‍ബല്യത്തെ മറികടക്കാന്‍ മുതലാളിത്തം കണ്ടെത്തിയ സൂത്രപ്പണിയാണ് "കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി" എന്നു ഓമനപ്പേരിട്ടു വിളിക്കുന്ന ബിസിനസ് തന്ത്രം. കൂടുതല്‍ സാധനങ്ങള്‍ കൂടുതല്‍ ലാഭത്തില്‍ വിറ്റഴിയണമെങ്കില്‍ തൊഴിലാളി വര്‍ഗത്തിന്റെ വാങ്ങല്‍ ശേഷി കൂട്ടണം. അതായത് കൂടുതല്‍ പണം വരുടെ കൈകളിലേക്ക് എത്തണം. ഇത് എങ്ങനെ സാധിക്കും?. കൂടുതല്‍ പണം തൊഴിലാളിക്ക് കൂലിയായി  കൊടുത്താല്‍ ഉണ്ടാക്കുന്ന ചരക്കിന്റെ ഉല്പാദന ചിലവ് കൂട്ടാന്‍ മാത്രമേ ഉപകരിക്കൂ. അത് മുന്പ് പറഞ്ഞ ആഭ്യന്തര വൈരുദ്ധ്യം കൂടുതല്‍ രൂക്ഷമാകാന്‍ കാരണമാകും. അതിനു പകരം തൊഴിലാളിക്ക് തങ്ങളുടേതായ രീതിയില്‍ ഉള്ള ചരക്കുകളോ സേവനങ്ങളോ  ഉല്‍പാദിപ്പിക്കാനും അത് പരസ്പരം വിറ്റഴിച്ചു തങ്ങളുടെ കയ്യില്‍ ഉള്ള പണത്തിന്റെ മൂല്യത്തെ വര്‍ദ്ധിപ്പിക്കാനുമുള്ള അവസരം ഒരുക്കിക്കൊടുക്കുക.  (ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടകാര്യം മുതലാളിമാരുടെ ചരക്കിന് ഭീഷണിയാവാത്ത തരത്തിലുള്ള ഉല്‍പാദനമായിരിക്കും തൊഴിലാളികള്‍ ചെയ്യുന്നത് എന്നു അവര്‍ ഉറപ്പ് വരുത്തിയിരിക്കും ) അതായത് തൊഴിലാളി വര്‍ഗത്തില്‍ പെട്ടവര്‍ പരസ്പരം ചൂഷണം ചെയ്തു  തങ്ങളുടെ ഓരോരുത്തരുടെയും കയ്യില്‍ ഇപ്പോള്‍ ഉള്ള 100 യൂണിറ്റ് പണമൂല്യത്തെ ഇരുനൂറോ മുന്നൂറോ ആയി വര്‍ദ്ധിപ്പിക്കുക.  ഈ വര്‍ദ്ധിപ്പിക്കുന്ന പണം ഉപയോഗിച്ച് മുതലാളിമാരുടെ ഉടമസ്ഥതയിലുള്ള ചരക്കുകളും സേവനങ്ങളും വാങ്ങിക്കുക്ക. ചുരുക്കിപ്പറഞ്ഞാല്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി എന്ന പേരില്‍ തങ്ങള്‍ മുടക്കുന്ന തുകയുടെ നൂറോ ഇരുനൂറോ ഇരട്ടി പണം തിരിയെ മുതലാളി സമൂഹത്തിന്റെ കയ്യിലെക്കു തന്നെ മടങ്ങിവരുന്നു.

ദാരിദ്ര്യ നിര്‍മാര്‍ജനമെന്നോ, സ്വയം തൊഴില്‍ സംഭരഭങ്ങള്‍ എന്നോ സാമൂഹ്യ ശാക്തീകരണം എന്നോ ഒക്കെയുള്ള ഓമനപ്പേരുകളില്‍ വിറ്റഴിക്കപ്പെടുന്ന, മുതലാളിത്തത്തിന്റെ ഈ അതിജീവന തന്ത്രത്തിന് പിന്നില്‍ ഈ മുഖ്യ അജണ്ടകൂടാതെ മറ്റൊന്നു കൂടിയുണ്ട്. മുതലാളിത്തത്തിന്റെ മറ്റൊരു അടിസ്ഥാന പരമായ സവിശേഷതയാണ് തമ്മില്‍ തമ്മിലുള്ള മത്സരവും അര്‍ഹതയുള്ളവന്റെ അതിജീവനവും.. അതിജീവനത്തിനായുള്ള ഈ പോരാട്ടത്തിന്റെ ഏറ്റവും വലിയ ആയുധമാണ് പരസ്യങ്ങള്‍. ഏറ്റവും നല്ല പരസ്യത്തിലൂടെ ഏറ്റവും നന്നായി  സമൂഹത്തിന്റെ മനസിലേക്ക് ഇടിച്ചു  കയറുന്നവന് മാത്രമേ ഇവിടെ നിലനില്‍പ്പുള്ളൂ.  അപ്പോള്‍ ആഗോളതലത്തില്‍, പ്രത്യേകിച്ചു നമ്മുടെ ഇന്ത്യപോലെ മാനുഷിക, പരമ്പരാഗത മൂല്യങ്ങള്‍ക്ക് വലിയ സ്ഥാനം കൊടുക്കുന്ന ഒരു സമൂഹത്തില്‍ ജന മനസുകളിലേക്ക് ഇടിച്ചു കയറാനുള്ള ഏറ്റവും വലിയ തന്ത്രമാണ് ഈ മൂല്യങ്ങളുടെ സംരക്ഷകരും പ്രായോക്താക്കളുമായി അവതരിക്കുക എന്നത്. അതിനുള്ള ഏറ്റവും പ്രയോഗികമായ മാര്‍ഗം കൂടിയാണ് വിദ്യാഭ്യാസ ആതുര സേവന ദാരിദ്ര്യ നിര്‍മാര്‍ജന മേഖലകളില്‍ ഉള്ള ഇടപെടലുകള്‍. കോടികള്‍ ചിലവഴിച്ചു പരസ്യം ചെയ്യുന്നതിനെക്കാള്‍ ഇംപാക്ട് ഏതെങ്കിലും ഒരു സ്കൂളില്‍  ഒരു നേരത്തെ ഭക്ഷണം സ്പോണ്‍സര്‍ ചെയ്യുന്നതിലൂടെയോ ഒരു മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതിലൂടെയോ സമൂഹത്തില്‍ ഉണ്ടാക്കാന്‍ കഴിയും എന്നു നന്നായി അറിയാവുന്നവരാണ് നമ്മുടെ കോര്‍പ്പറേറ്റുകള്‍.

അപ്പോള്‍ എന്തുകൊണ്ടാണ് ഇത്തരം ഇടപെടലുകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടാകുന്നത് ? അല്ലെങ്കില്‍ തിരഞെടുക്കപ്പെട്ട സര്ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ മുതലാളി വര്‍ഗത്തെ പ്രതിനിധീകരിക്കുന്ന കോര്‍പ്പറേറ്റുകള്‍ ചെയ്യുന്നത് ? മുതലാളിത്തത്തിന്റെ അടിസ്ഥാനപരമായ ദൌര്‍ബല്യങ്ങളെയും വൈരുദ്ധ്യങ്ങളെയും പരിഹരിക്കാന്‍ പൊതു സമൂഹത്തെ( മാര്‍ക്സിയന്‍ രീതിയില്‍ പറഞ്ഞാല്‍ തൊഴിലാളി വര്‍ഗത്തെ) വളരെ വിദഗ്ദമായി ഉപയോഗപ്പെടുത്തുകയാണ്.

റെഫറന്‍സ്: "വൈരുദ്ധ്യാത്മക ഭൌതിക വാദം" by എം പി പരമേശ്വരന്‍



അടുത്ത ഭാഗം:
എങ്ങനെയാണ് ഇത്തരം ഇടപെടലുകള്‍ അപകടകരമാകുന്നത് ?